08:46am 09 June 2026
NEWS
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ
08/10/2025  06:22 PM IST
nila
  ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾ

ചെങ്ങന്നൂർ:  ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി.മലയാള വർഷത്തെ ആദ്യത്തെ
തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച്ച രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ആറാട്ടുകർമ്മങ്ങൾക്കും വിശേഷാൽ പൂജകൾക്കും  തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു.

 ആറാട്ടിനു ശേഷം ദേവിയെ  ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. എട്ട് മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും നാല് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക്  പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച് അന്നദാനവുംനടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന്
പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടത്തി. 

മലയാള വർഷത്തെ ആദ്യത്തെ തൃപ്പൂത്തായതിനാൽ  ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപെട്ടത്.ദിവാനായിരുന്ന കേണൽ മൺറോ സായിപ്പ് പ്രയശ്ചിത്തമായി നടയ്ക്കുവെച്ച സ്വർണക്കാപ്പ്,  പനം തണ്ടൻ വളകൾ, ഓഢ്യാണം എന്നിവ ദേവിക്ക് ചാർത്തി. കൂടാതെ ശ്രീ മഹാദേവൻ്റെ സ്വർണനിലയങ്കിയും ചാർത്തിയായിരുന്നു ദർശനം. തിരുവാഭരണങ്ങൾ വർഷത്തിൽ ഒരിക്കൽ ചാർത്തുന്നത് ഈ ദിവസമാണ്.
ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.  ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് സന്തോഷ് കുമാർ ,ഉപദേശക സമിതി പ്രസിഡൻ്റ് എൻ ആർ രതീഷ് കുമാർ ,സെക്രട്ടറി എം എച്ച് വൈശാഖൻ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img